welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Wednesday 2 October 2013

''മഹാത്മഗാന്ധിയെ കണ്ടിട്ടില്ല നമ്മളാരും, പക്ഷെ......''

ഗാന്ധിജയന്തി ദിനത്തിൽ രാവിലെ 9.30 നു തന്നെ മുഴുവൻ കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തി.ഗാന്ധിജിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്താനുള്ള തയ്യാറെടുപ്പുകൾ സുരേഷ് മാഷ്‌ മുൻകൂട്ടി നടത്തിയിരുന്നു.വിവിധ ക്ലാസ്സുകളിലെ കുട്ടികൾ ശേഖരിച്ച വിഭവങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഗാന്ധി പതിപ്പും മാഷ്‌ തന്നെ തയ്യാറാക്കി വെച്ചു....10 മണിക്ക്
അസംബ്ലി തുടങ്ങി.നല്ല വെയിൽ ആയതിനാൽ ഹാളിൽ വെച്ചു തന്നെയായിരുന്നു അസംബ്ലി.പതിവുപരിപാടികലായ പ്രാര്തനയ്ക്കും പ്രതിജ്ഞയ്ക്കും ശേഷം ഒന്നാം ക്ലാസ്സിലെ കുട്ടികൾ ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി..തുടർന്ന് മറ്റു ക്ലാസ്സുകളിലെ കുട്ടികളും  പുഷ്പാര്ച്ചനയ്ക്കായി മുന്നോട്ടു വന്നപ്പോൾ അവര്ക്കും അവസരം നൽകി.

...പ്രധാനാധ്യാപകൻ  എന്ന നിലയിൽ ഗാന്ധിജിയെക്കുറിച്ച് ചില കാര്യങ്ങൾ ഞാൻ കുട്ടികളോട് സംസാരിച്ചു.മുമ്പ് കേട്ട ഒരു കവിതയിലൂടെ ഗാന്ധിജിയുടെ ചിത്രം കുട്ടികള്ക്ക് പരിചയപ്പെടുത്തി.
''മഹാത്മഗാന്ധിയെ കണ്ടിട്ടില്ല
നമ്മളാരും...പക്ഷെ,
മനസ്സിനുള്ളിൽ കുടിപാർക്കുന്നു-
ണ്ടദ്ദേഹത്തിൻ രൂപം....   
 മുട്ടു മറഞ്ഞീടാത്തൊരു  മുണ്ടും,
 മൂക്കിനു മീതെ കണ്ണടയും...
 ഖദരു പുതച്ച്,വടിയും കുത്തി, 
ചിരിച്ചു നിൽപ്പൂ ബാപ്പുജീ...''
                           .......പതിപ്പിലെ ചിത്രത്തിൽ നോക്കി ഈ ചിത്രം കുട്ടികൾ തിരിച്ചറിഞ്ഞു.കവിത ഒരു വട്ടം കൂടി പാടിയപ്പോൾ കുട്ടികളുടെ മനസ്സിൽ ഗാന്ധിജിയുടെ രൂപം ശരിക്കും കുടി പാർത്തി ട്ടുണ്ടാകും ... ആവേശത്തോടു കൂടി ഈ കവിത അവർ എറ്റു ചൊല്ലി.
                                                      കുട്ടികളുടെ ഊഴമായിരുന്നു അടുത്തത്.സ്കൂൾ ലീഡർ നന്ദനയുടെ വക ഗാന്ധിജിയെക്കുറിച്ച് ഒരു ലഘു പ്രസംഗം..  ഗാന്ധിപ്പാട്ടുകളുമായി
വേറെയും കുട്ടികൾ എത്തി..
....പിന്നീട് ഗാന്ധിജിയുടെ ആത്മ കഥ കുട്ടികൾക്ക്‌ പരിചയപ്പെടുത്തിക്കൊടുത്തു. അതിൽനിന്നും ചില ഭാഗങ്ങൾ വായിച്ചു കേൾപ്പിച്ചു.    ഗാന്ധിജിയുടെ ജീവിതത്തിൽ നിന്നും നാം പഠിക്കേണ്ട സവിശേഷ ഗുണങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ  ഇതുവഴി സാധിച്ചു.
......മധുരം വിതരണം ചെയ്തുകൊണ്ട് 12 മണിയാകുമ്പോഴേക്കും പരിപാടികൾ അവസാനിപ്പിച്ചു.ഇന്നു പറഞ്ഞ കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ച് നാളെ നടത്തുന്ന ഗാന്ധി ക്വിസ്സിൽ പങ്കെടുക്കണമെന്ന തീരുമാനത്തോറെയാണ്    കുട്ടികൾ വീട്ടിലേക്കു പോയത്.....