welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Saturday 29 June 2013

'മണ്ണിൽ താണ മഴവെള്ളം എവിടെപ്പോയി?'-രണ്ടാം ക്ലാസ്സുകാർ സ്വയം കണ്ടെത്തുന്നു....

 'മണ്ണിൽ വീണ മഴവെള്ളം എവിടെപ്പോയി?''
മണിക്കുട്ടന്റെ സംശയത്തിന് കുട്ടികളുടെ പ്രതികരണം പലതായിരുന്നു...
-ആറി
-താണു
-മണ്ണിനടിയിൽപ്പോയി
-ഒഴുകി
-വറ്റി
-കെട്ടി നിന്നു 
........അവർ പറഞ്ഞതെല്ലാം ബോർഡിൽ എഴുതി,ഓരോന്നിനെക്കുരിച്ചും ചർച്ച ചെയ്ത് ആശയ വ്യക്തത വരുത്തിയ ശേഷം ആഖ്യാനത്തിലൂടെ പുതിയ പ്രശനം അവതരിപ്പിച്ചു...
'മണ്ണിൽ താണ മഴവെള്ളം എവിടെപ്പോയി?'
..ഈ പ്രശ്നത്തിന് ഉത്തരം കണ്ടെത്താൻ കുഞ്ഞേച്ചി മണിക്കുട്ടനെ സഹായിച്ചത് ഒരു പരീക്ഷണം ചെയ്താണ്.. പുസ്തകത്തിലെ ചിത്രത്തിൽ നിന്ന് പരീക്ഷണത്തിനാവശ്യമായ  സാധനങ്ങൾ    എന്തൊക്കെയാണെന്ന് ഓരോരുത്തരും കണ്ടെത്തി..ഗ്രൂപ്പിൽ ചർച്ച ചെയ്ത് പ്രവർത്തനം ചെയ്തതെങ്ങനെയെന്നും കുട്ടികൾ കണ്ടെത്തി..
''നമുക്കും ഈ പരീക്ഷണം ചെയ്താലോ?''
ഞാൻ ചോദിച്ചപ്പോൾ എല്ലാവരും റെഡി..
 ..കുട്ടികളുടെ സഹായത്തോടെ ആവശ്യമായ സാധനങ്ങളെല്ലാം ഒരുക്കി.
....കുട്ടികൾ തന്നെ പ്രവർത്തനം ആരംഭിച്ചു.
.....നിരീക്ഷണത്തിലൂടെ കണ്ടെത്തിയ കാര്യങ്ങൾ  വ്യക്തിഗതമായി നോട്ടുപുസ്തകത്തിൽ കുറിച്ചു. 
..ഗ്രൂപ്പ് ചർച്ചയിലൂടെ കുറിപ്പ് മെച്ചപ്പെടുത്തി.
...കണ്ടെത്തിയ കാര്യങ്ങൾ ഓരോ ഗ്രൂപ്പും അവതരിപ്പിച്ചു.
'മണ്ണിൽ താണ  മഴവെള്ളമാണ് കിണറുകളിലും മറ്റു ജലാശയങ്ങളിലും എത്തുന്നത് 'എന്ന  ആശയം സ്വയം കണ്ടെത്തിയപ്പോൾ കുട്ടികൾക്ക് സന്തോഷം..ഒപ്പം എനിക്കും...



















Sunday 23 June 2013

ഒന്നാം ക്ലാസ്സിലെ 'ചിരിക്കുന്ന പൂക്കൾ'

 ''ആർക്കൊക്കെ  ചിരിക്കാനറിയാം?''
എന്റെ ചോദ്യം കേൾക്കേണ്ട താമസം,എല്ലാവരും ചാടിയെഴുന്നേറ്റു..
''എനിക്കറിയാം..എനിക്കറിയാം... ''
''ശരി, റെഡി..വണ്‍ ...റ്റു ...ത്രീ..''  എല്ലാവരോടും ഒന്നിച്ചു ചിരിക്കാൻ പറഞ്ഞതും...15 പേരും ചിരിയോടു ചിരി...
....ഈ വർഷം 15 കുട്ടികളാണ് ഒന്നാം ക്ലാസ്സിൽ ചേർന്നത്‌..പ്രമീള ടീച്ചർ കുട്ടികളുടെ പേരുകൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ എഴുതിയ ചാർട്ട് ക്ലാസ്സിലു ണ്ട് ..ഇതിൽ നിന്നും ഓരോരുത്തരുടെയും പേരുകൾ കാണിച്ചു തരാൻ പറഞ്ഞപ്പോൾ കഴിയാത്തവരായി ആരും തന്നെയില്ല....അക്ഷരം പഠിക്കുന്നതിനു മുമ്പ് തന്നെ തങ്ങളുടെ പേരുകൾ എഴുതിയത് തിരിച്ചറിയാൻ അവർക്ക് കഴിയുന്നു!ഗ്രാഫിക് വായനയിലൂടെ മനസ്സിലാക്കിയ കാര്യങ്ങൾ എഴുതാൻ പരിശീലിക്കുകയാണ് അവരിപ്പോൾ...ആശയത്തിൽ നിന്നും വാക്കുകളിലേക്കും ,വാക്കുകളിൽ നിന്നും അകഷരങ്ങളിലേക്കും മെല്ലെ മെല്ലെ എത്തുകയാണ് ഒന്നാം ക്ലാസ്സിലെ ചിരിക്കുന്ന പൂക്കൾ!തുടക്കത്തിൽത്തന്നെ  ക്ലാസ് പി.ടി.എ യോഗം വിളിച്ച്  ഇക്കാര്യങ്ങളൊക്കെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതിനാൽ ആർക്കും ആശങ്കയില്ല..തങ്ങളുടെ മക്കൾ പറയുന്നതും,പാടുന്നതും,വരക്കുന്നതും എഴുതുന്നതും എല്ലാം അടുത്ത മാസം നടക്കുന്ന ക്ലാസ് പി.ടി.എ.യോഗത്തിൽ കാണിച്ചു തരാം എന്ന ടീച്ചറുടെ   വാക്കുകൾ അവർക്കു നൽകിയ പ്രതീക്ഷ ചെറുതല്ല.  ആ ദിവസത്തിനായി കാത്തിരിക്കുകയാണ് രക്ഷിതാക്കളെല്ലാം തന്നെ..ഒപ്പം വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ടീച്ചറും.     










Thursday 20 June 2013

'വായിച്ചു വിളയാൻ' കുഞ്ഞുങ്ങൾക്കൊപ്പം രക്ഷിതാക്കളും..




 വായിച്ചു വളരാനും,വായിച്ചു വിളയാനും കുഞ്ഞുങ്ങൾക്ക്‌ തുണയായി രക്ഷിതാക്കൾ ഒപ്പമുണ്ടാകേണ്ടതിന്റെ  ആവശ്യകതയും പ്രാധാന്യവും ബോധ്യപ്പെടുത്താനായി വിളിച്ചു ചേർത്ത പ്രത്യേക ക്ലാസ് പി.ടി.എ യോഗത്തോടെയാണ്  ഈ വർഷത്തെ വായനാ വാരത്തിന് ഞങ്ങൾ തുടക്കം കുറിച്ചത് . 3,4 ക്ലാസ്സുകളിൽ ആകെയുള്ള 61 കുട്ടികളിൽ 50 പേരുടെയും  രക്ഷിതാക്കൾ, കുഞ്ഞുങ്ങൾക്കൊപ്പം ഉൽഘാടന പരിപാടിയിൽ പങ്കാളികളായി.കേവലമായ ദിനാചരണത്തിനപ്പുറം   വർഷം മുഴുവൻ നീണ്ടു നില്ക്കുന്ന വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങളിലൂടെ  മുഴുവൻ കുട്ടികളെയും 'സ്വതന്ത്രവായനക്കാരാക്കി' മാറ്റുകയെന്ന ലക്‌ഷ്യം നിറവേറ്റാൻ  അമ്മമാരുടെ പൂർണ പിന്തുണ ഉണ്ടാകണമെന്ന അധ്യാപകരുടെ അഭ്യർഥന അവർ തുറന്ന മനസ്സോടെ സ്വീകരിച്ചു.വായനാ വാരത്തിന്റെ സമാപനത്തോടനുബന്ധിച്ച് സ്കൂളിൽ സംഘടിപ്പിക്കുന്ന പുസ്തക പ്രദർശനത്തിലേക്ക് മുഴുവൻ അമ്മമാരെയും ക്ഷണിക്കും.ഇവിടെ വെച്ച് കുട്ടികളും അമ്മമാരും ചേർന്ന് ഇഷ്ടപ്പെട്ട പുസ്തകം ആദ്യ വായനയ്ക്കായി തെരഞ്ഞെടുക്കും..വീട്ടിൽ വെച്ച് കുട്ടികൾക്കൊപ്പം അമ്മമാരും പുസ്തക വായനയിൽ പങ്കാളികളാകും..വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ലഘു വിവരണങ്ങളും ,ആസ്വാദനക്കുറിപ്പുകളും ഓരോ ക്ലാസ്സിന്റെയും നിലവാരത്തിനനുസരിച്ച് കുട്ടികൾ തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കും..വായനാനുഭാവങ്ങളുമായി ബന്ധപ്പെടുത്തി സംഘടിപ്പിക്കുന്ന പ്രതിമാസ പ്രശ്നോത്തരിയിൽ അമ്മമാരെയും പങ്കെടുപ്പിക്കും...വായനയിൽ നിന്ന് സർഗാത്മക രചനകളിലേക്ക് നയിക്കുന്നതിനായി സാഹിത്യകാരന്മാരുടെ നേതൃത്വത്തിൽ   രചനോൽസവങ്ങൾ    സംഘടിപ്പിക്കാനും പരിപാടിയുണ്ട്..
വർഷാവസാനം വായനാനുഭവങ്ങളും,സർഗരചനകളുംഉൾക്കൊള്ളിച്ചുകൊണ്ട്പുസ്തകംപ്രസിദ്ധീകരിക്കും... പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് പ്രധാനാദ്ധ്യാപകൻ  കെ.നാരായണൻ  വായനാവാരത്തിന്റെ ഉൽഘാടനം നിർവഹിച്ചു.   നാലാം ക്ലാസ്സുകാരി നന്ദന വായനാദിന സന്ദേശം നല്കിക്കൊണ്ട് സംസാരിച്ചു.സീനിയർ അസിസ്റ്റന്റ് സി.എച്.സന്തോഷ്‌ അധ്യക്ഷത വഹിച്ചു.എസ്.ആർ.ജി.കണ്‍വീനർ പ്രമീള സ്വാഗതവും കെ.എൻ.സുരേഷ് നന്ദിയും പറഞ്ഞു.









           

Thursday 13 June 2013

'വിദ്യാലയത്തിലേക്കുള്ള വഴി' ..അധികൃതരുടെ കണ്ണു തുറക്കുമോ?

ഇവിടെ  കൊടുത്തിരിക്കുന്ന  ഫോട്ടോകൾ നോക്കൂ.....ഞങ്ങളുടെ കുട്ടികൾ  സ്കൂളിലേക്ക് വരുന്നത്  ഇതുവഴിയാണ്.......അശാസ്ത്രീയ വികസനത്തിന്റെ ദുരിതവഴി! .











.......മഴ ഒന്ന് കനത്തപ്പോഴുള്ള അവസ്ഥയാണിത്...മുമ്പ് വെള്ളം ഒഴുകിയിരുന്ന വഴികളെല്ലാം നികത്തി കെട്ടിടങ്ങൾ പണിതിരിക്കുന്നു...വെള്ളം ഒഴുകിപ്പോകാൻ മുനിസിപ്പാലിറ്റി ഇട്ട വലിയ പൈപ്പുകൾ വീടുകളുടെ മതിലുകൾക്ക് മുന്നിൽ വെള്ളത്തെ മുന്നോട്ടു വിടാനാവാതെ സങ്കടപ്പെട്ടു നില്ക്കുന്നു!പലയിടത്തും പുതിയ വീടുകളുടെ അടിത്തട്ടിൽ പൈപ്പുകൾ വിശ്രമിക്കുന്നു...വെള്ളക്കെട്ട് എങ്ങനെ ഇല്ലാതാവും?...മതിലുകളും,വീടുകളും പൊളിച്ചു മാറ്റി നീരൊഴുക്ക് സുഗമമാക്കാൻ ആർക്കുണ്ട് ചങ്കൂറ്റം? ..സ്കൂളിലേക്കുള്ള വഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതായി നാട്ടുകാർ വിളിച്ചറിയിച്ചിട്ടു വന്ന നഗരസഭാ കൌണ്‍സിലറും ചെയർ പേഴ്സണും എല്ലാം കണ്ടു..തിരിച്ചുപോയി..തൊട്ടടുത്ത  ദിവസം   വില്ലേജ് ഓഫിസറും എത്തി കാര്യങ്ങൾ അന്വേഷിച്ചു.. വൈകാതെ ജനമൈത്രി പോലീസും വന്നു..പ്രശ്നത്തിന്റെ ഗൌരവം എല്ലാവർക്കും ബോധ്യപ്പെട്ടു..പക്ഷെ,അവർക്ക് ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ കഴിയുമോ? ....രണ്ടു ദിവസം മുമ്പ് തൊട്ടടുത്തുള്ള വെള്ളക്കെട്ടിൽ വീണു രണ്ടു വയസ്സുകാരാൻ മരിച്ചിട്ടും ആരുടെയും കണ്ണ് തുറന്നില്ല...അധികാരികൾ മാത്രം വിചാരിച്ചിട്ട് കാര്യമുണ്ടോ?.....ബാക്കിയുള്ള സ്ഥലത്ത് നിന്നെല്ലാം മണലെടുത്തു വിറ്റു ഉപജീവനം നടത്തുന്നവരും ലാഭം കൊയ്യുന്നവരും,കെട്ടിടവും മതിലും തീർത്ത്‌ നീരൊഴുക്കു തടയുന്നവരും സ്വയം മനസ്സിലാക്കി യില്ലെങ്കിൽ എന്തു ചെയ്യാൻ! .......എന്തായാലും രാവിലെയും വൈകിട്ടും മക്കളോടൊപ്പം സ്കൂളിലേക്ക് വരാതിരിക്കാൻ ഞങ്ങളുടെ രക്ഷിതാക്കൾക്ക് കഴിയില്ല.കാരണം മക്കളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ട ബാധ്യത ഇപ്പോൾ അവരുടേത് മാത്രമാണല്ലോ!ഇങ്ങനെ എത്രനാൾ അവർ വരും?മറ്റു വിദ്യാലയങ്ങളുടെ  വാഹനങ്ങൾ 'പിള്ളേരെ പിടിക്കാൻ'ഇതുവഴി വരുമ്പോൾ,അവരുടെ പ്രലോഭനങ്ങൾക്ക് വശംവദരായി-  മക്കളുടെ സുരക്ഷയോർത്ത്- ഒരുനാൾ ഇവരുടെ മനസ്സും മാറുമോ?...(ഇങ്ങനെ മാറിയ പലരും ഇപ്പോൾത്തന്നെയുണ്ട്..).....നവതിയോടടുക്കുന്ന ഈ വിദ്യാലയം നില നിൽക്കേണ്ടത് നാടിന്റെ ആവശ്യമാണ്‌...നില നിർത്താനുള്ള ബാധ്യത സ്വയം ഏറ്റെടുത്ത്,രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ ബന്ധപ്പെട്ട അധികാരികൾ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.     

Tuesday 11 June 2013

അധ്യാപകരുടെ 'നയപ്രഖ്യാപന'വുമായി പുതിയ അധ്യയനവർഷത്തിലെ ആദ്യ രക്ഷാകർതൃ സംഗമം..

'ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ നിന്ന് പുറത്തിറങ്ങുന്ന കുട്ടികളെക്കാൾ മെച്ചപ്പെട്ട രീതിയിൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് എന്റെ ലക്‌ഷ്യം.' ഇംഗ്ലീഷ് പഠിപ്പിക്കുന്ന സുരേഷ് മാഷുടെ പ്രഖ്യാപനം ഏറെ സന്തോഷത്തോടെയാണ് രക്ഷിതാക്കൾ സ്വീകരിച്ചത്. അധ്യയന വർഷത്തിൻറെ ആദ്യ ആഴ്ചയിൽ ത്തന്നെ സംഘടിപ്പിച്ച രക്ഷാകർതൃ സംഗമത്തിൽ ,ക്ലാസ്സുമുറികളിൽ ഒരു വർഷക്കാലം നടക്കുന്ന പഠന പ്രവർത്തനങ്ങളെ ക്കുറിച്ചും അതുവഴി കുട്ടികൾ കൈവരിക്കേണ്ട ശേഷികളെ ക്കുറിച്ചും വിശദീകരിക്കുകയായിരുന്നു അധ്യാപകനായ കെ.എൻ.സുരേഷ്. തുടർന്ന്  ഓരോ ക്ലാസ്സിലെയും അധ്യാപകർ ക്ലാസ് റൂം  പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ട് തങ്ങളുടെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളെയും നിശ്ചിത ശേഷികൾ കൈവരിക്കുന്നവരായി മറ്റാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും  ഇതിനായി മുഴുവൻ രക്ഷിതാക്കളുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുകയും  ചെയ്തു. ഇംഗ്ലീഷ് പഠനത്തിനു പ്രത്യേക പരിഗണന നൽകുന്നതിനായി   ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിൽ ഒരേ അദ്ധ്യാപകൻ തന്നെ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന രീതിയാണ്  ഈ വർഷം വിദ്യാലയം സ്വീകരിച്ചിരിക്കുന്നത്.പ്രതിമാസ ക്ലാസ് പി.ടി.എ യോഗങ്ങളിൽ അധ്യാപകരുടെ ക്ലാസ്സും കുട്ടികളുടെ പ്രകടനങ്ങളും നേരിൽ കാണാൻ രക്ഷിതാക്കൾക്ക് അവസരം ഒരുക്കും.കുട്ടികളുടെയും വിദ്യാലയത്തിന്റെയും  മികവുകൾ രക്ഷിതാക്കളെയും പൊതു സമൂഹത്തെയും ബോധ്യപ്പെടുത്തുന്നതിനായി മാര്ച് അവസാന വാരം 'മികവുൽസവം' സംഘടിപ്പിക്കാനും രക്ഷാകർതൃ സംഗമത്തിൽ ധാരണയായി.സ്കൂൾ മാനേജ്മെന്റു കമ്മിറ്റി ചെയര് പേഴ്സൻ ചിത്രലേഖ.ടി  സംഗമം  ഉൽഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട്  സുജ.ഇ അധ്യക്ഷത വഹിച്ചു.അധ്യാകരായ പ്രമീള,പരമേശ്വരി,സന്തോഷ്‌ കുമാർ ,ജാബിർ എന്നിവർ ക്ലാസ് തല ലക്ഷ്യ പ്രഖ്യാപനം നടത്തി.പ്രധാനാദ്ധ്യാപകൻ കെ.നാരായണൻ സ്വാഗതവും കെ.എൻ.സുരേഷ് നന്ദിയും പറഞ്ഞു.