welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Tuesday 23 September 2014

സ്കൂൾ ശാസ്ത്രമേള സ്വർണ്ണക്കപ്പ് നിർമ്മിക്കുന്നതിനായി പുഞ്ചാവി സ്കൂളിലെ കുട്ടികളുടെ വക 98 രൂപ.....

                          ...സംസ്ഥാനത്തെ 40 ലക്ഷം വിദ്യാർഥികളിൽ നിന്ന് ഒരു രൂപ വീതം പിരിച്ച്, കേരള സ്കൂൾ  ശാസ്ത്രമേളയ്ക്കായി  ഒരുകിലോഗ്രാമിന്റെ(125 പവൻ)സ്വർണ്ണക്കപ്പ് ഏർപ്പെടുത്തുമ്പോൾ പുഞ്ചാവി ഗവ:എൽ.പി.സ്കൂളിലെ കുട്ടികളിൽ നിന്നുള്ള  98 രൂപയും ചെലവിനത്തിലേക്കായി ലഭിക്കും...ഇന്ന് രാവിലെ വിളിച്ചുചേർത്ത കുട്ടികളുടെ യോഗത്തിൽ വെച്ച് ഇതു സംബന്ധമായ പത്രവാർത്ത നാലാം ക് ളാസ്സിലെ അർജുൻ കൂട്ടുകാരെ വായിച്ചു കേൾപ്പിച്ചു..തുടർന്ന് പ്രധാനാധ്യാപകൻ നാരായണൻ മാഷും,സുരേഷ് മാഷും കാര്യങ്ങൾ ഒന്നുകൂടി വിശദീകരിച്ചപ്പോൾ മുഴുവൻ കുട്ടികളും ഒരു രൂപ നൽകാൻ തയ്യാറായി.ഒന്നുമുതൽ നാലുവരെ ക് ളാസ്സുകളിലെ ലീഡർമാരായ ഇഷ് റ, ഇജാസ്,ജിതിൻ,ഫർസീന,സ്കൂൾ ലിഡർ റിഷാന



എന്നിവരിൽ നിന്ന് ഓരോ രൂപ സ്വീകരിച്ചുകൊണ്ട് ഹെഡ്മാസ്റ്റർ ധനസമാഹരണം ഉൽഘാടനം ചെയ്തു.മറ്റു കുട്ടികളിൽ നിന്നും ക് ളാസ്സധ്യാപകർ സംഭാവന സ്വീകരിച്ച് ഹെഡ്മാസ്റ്റർക്ക് കൈമാറി..നാളെ ഈ തുക പൊതുവിദ്യാഭ്യാസ ഡയരക്റ്റരുടെ പേരിൽ ഡി.ഡി എടുത്ത് ലിസ്റ്റ് സഹിതം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറുന്നതോടെ വലിയഒരു യജ്ഞത്തിലെ കണ്ണികളായി മാറും,പുഞ്ചാവിയിലെ 98 കുരുന്നുകളും!.. ഭാവിയിൽ,  സ്വർണ്ണക്കപ്പ് യാഥാർഥ്യമാകുമ്പോൾ പുഞ്ചാവിയിലെ ഈ  കുഞ്ഞുങ്ങൾക്കും   അഭിമാനത്തോടെ പറയാം, ഞങ്ങളുടെകൂടി കാശുകൊണ്ട് പണിതതാണ് ഈ കപ്പ്!..കുഞ്ഞുങ്ങളുടെ സ്വന്തം സ്വർണ്ണക്കപ്പ്!!...അതെ, ഒത്തുപിടിച്ചാൽ മലയും പോരും.

Monday 22 September 2014

രണ്ടാം തരത്തിലെ ഈ ഗണിതപ്രശ്നം നോക്കൂ.......എന്താണ് കുട്ടികളുടെ പ്രശ്നം?


ഈ പ്രശ്നം വളരെ ലളിതമാണെന്നാണ് ഞാൻ കരുതിയത്..അതുകൊണ്ടുതന്നെ എന്റെ രണ്ടാം ക്ളാസ്സിലെ കൂട്ടുകാർ പെട്ടെന്നുതന്നെ ഉത്തരത്തിൽ എത്തുമെന്നും ഞാൻ പ്രതീക്ഷിച്ചു..എന്നാൽ എന്റെ പ്രതീക്ഷയ്ക്കു വിപരീതമായി മിക്ക കുട്ടികളും ആദ്യഘട്ടത്തിൽ ശരിയുത്തരത്തിൽ എത്തിയില്ല..എന്റെ തലത്തിലല്ലല്ലോ കുഞ്ഞുങ്ങൾ! പിന്നീട്, സാധനസംയുക്തമായി വീണ്ടും പ്രശ്നം അവതരിപ്പിച്ചപ്പോഴാണ് പലരും ശരിയാക്കിയത്..(ഒപ്പം എന്റേതായ ഭാഷയിൽ പ്രശ്നം വിശദീകരിക്കുകയും ചെയ്യേണ്ടിവന്നു.)  അപ്പോഴും കാര്യം പിടികിട്ടാത്ത ചിലർ ഉത്തരം കിട്ടാതെ വിഷമിക്കുന്നതു കണ്ടപ്പോൾ സത്യത്തിൽ ഞാനും വിഷമിച്ചുപോയി.......കാണുമ്പോൾ വളരെ ലളിതമെന്ന് നമുക്കു തോന്നുന്ന പലതും കുട്ടികളെ സംബന്ധിച്ചിടത്തോളം, അത്ര ലളി തമാകണമെന്നില്ല..അല്ലേ?... (സാധനസംയുക്തമായി പ്രശ്നാവതരണത്തിനും,നിർധാരണത്തിനും ഞാൻ സ്വീകരിച്ച വഴികൾ..ഇതാ,ഈ ഫോട്ടോകൾ സ്വയം സംസാരിക്കും..കണ്ടോളൂ.....ഇതിനെക്കുറിച്ച് എന്താ അഭിപ്രായം?)








.

Wednesday 17 September 2014

ഓസോൺ ദിനത്തിൽ സ്കൂൾമുറ്റത്ത് വർണച്ചെടികൾ നട്ട് ‘സാക്ഷരം’പരിപാടിയിലെ കുഞ്ഞുങ്ങൾ ..



 പുഞ്ചാവി:  ഭൂമിയുടെ രക്ഷാകവചമായ ‘ഓസോൺകുട’യെ സംരക്ഷിക്കാനുള്ള അനേകം പ്രവർത്തനങ്ങളിലൊന്ന് മരം നട്ടുപിടിപ്പിക്കുകതന്നെയാണെന്ന തിരിച്ചറിവാണ് ഇക്കഴിഞ്ഞ ഓസോൺദിനത്തിൽ സ്കൂൾമുറ്റത്ത് മനോഹരമായ തോട്ടം നിർമ്മിക്കാൻ കുഞ്ഞുങ്ങളെ പ്രേരിപ്പിച്ചത്..‘സാക്ഷരം’പരിപാടിയുടെ ഭാഗമായി,ആവേശത്തോടെ പഠനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന പുഞ്ചാവി സ്കൂളിലെ  കുഞ്ഞുങ്ങളാണ്  തങ്ങളുടെ പുതിയ കൂട്ടായ്മയുടെ പേരിൽ  സ്കൂൾമുറ്റത്ത്  വർണ്ണച്ചെടികൾ നട്ട്  തോട്ടം മോടിപിടിപ്പിച്ചത്.അക്ഷരങ്ങളും ചിഹ്നങ്ങളും ഉറക്കുന്ന കാര്യത്തിൽ അൽ‌പ്പം പിന്നിലാണെങ്കിലും പാരിസ്ഥിതിക അവബോധത്തിന്റെ കാര്യത്തിൽ തങ്ങൾ ഒരുപടികൂടി മുന്നിലാണെന്ന് ഈ പ്രവ്യ് ത്തിയിലൂടെ കുരുന്നുകൾ തെളിയിച്ചു..ഓണാവധിക്കും,പരീക്ഷകൾക്കും ശേഷം ‘സാക്ഷരം’ ക് ളാസ്സുകളുടെ അടുത്തഘട്ടം ആരംഭിക്കുന്നതും കാത്തിരിക്കുകയാണ് ഈ കുട്ടികൾ;നന്നായി പഠിച്ച് മറ്റുകൂട്ടു  കാർക്കൊപ്പമെത്താൻ.. ‘സാക്ഷരം’ പരിപാടിയുടെ  മുഖ്യചുമതല വഹിക്കുന്ന സുരേഷ് മാഷുടെ നേത്യ് ത്വത്തിലാണ്  തോട്ടം ഒരുക്കുന്നതിനാവശ്യമായ ചെടികൾ സംഘടിപ്പിച്ചത്..പ്രധാനാധ്യാപകൻ കെ.നാരായണൻ, അധ്യാപകരായ അഹമ്മദ് അമീൻ,പരമേശ്വരി,പ്രമീള എന്നിവരും പരിപാടിയിൽ പങ്കാളികളായി.





Sunday 14 September 2014

പുഞ്ചാവി സ്കൂളിൽ ബസ് എത്തി..KL-60 G-5555

         ..എല്ലാവരും ഓണസദ്യയുടെ തിരക്കിലാണ്...രക്ഷിതാക്കളും അധ്യാപകരും വിളമ്പുന്നു..കുട്ടികൾ ആസ്വദിച്ചു കഴിക്കുന്നു..പെട്ടെന്ന് ആരോ വിളിച്ചുപറഞ്ഞു,“ ബസ്..ബസ്”.രണ്ടാംനിലയിലെ ഡൈനിംഗ് ഹാളിൽ നിന്നും  എല്ലാവരുടെയും നോട്ടം പുറത്തെ റോഡിലേക്ക്..അതാ‍,സ്വർണ്ണ മഞ്ഞ നിറത്തിലുള്ള ഞങ്ങളുടെ പുതിയ സ്കൂൾബസ് ആദ്യമായി സ്കൂളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു!ഹാളിൽ ഹർഷാരവം മുഴങ്ങി..കുട്ടികളെക്കാൾ ഉച്ചത്തിൽ കയ്യടിച്ച്, ആർത്തുവിളിച്ച്, തുള്ളിച്ചാടിയത് മദർ പി.ടി.എ അംഗങ്ങളായ അമ്മമാർ തന്നെ! ശരിക്കും അവരുടെ സ്വപ്നസാക്ഷാൽക്കാരത്തിന്റെ നിമിഷമായിരുന്നു അത്... വീടുവീടാന്തരം കയറിച്ചെന്ന് സ്കൂൾബസ് വാങ്ങുന്നകാര്യം പറഞ്ഞ് ഒന്നാം ക് ളാസ്സിലേക്ക് കുട്ടികളെചേർക്കാൻ മുൻ കൈ എടുത്തത് അവരാണല്ലോ.....സദ്യ കഴിച്ച ഉടൻ തന്നെ കുട്ടികളും രക്ഷിതാക്കളും ബസ്സിനടുത്തെത്തി..   തൊട്ടു,തലോടി!..എല്ലാവർക്കും ബസ്സിൽ കയറാൻ തിരക്കായി..പക്ഷെ, ബസ് കിട്ടിയതല്ലേയുള്ളൂ..റജിസ്ട്രേഷനും,ഇൻസ്പെക് ഷനും അടക്കമുള്ള കടമ്പകൾ കഴിഞ്ഞ്,എം.എൽ.എ യെക്കൊണ്ട് ഫ്ളാഗ് ഓഫ് ചെയ്യിച്ചശേഷം എത്രയും പെട്ടെന്ന് ഒടിക്കാമെന്ന് അവർക്ക് ഉറപ്പു നൽകി..ഇപ്പോൾ അതിനുള്ള ഒരുക്കത്തിലാണ്..റജിസ്റ്റ്രേഷൻ ആയി..നമ്പർ KL 60-G 5555.....പുഞ്ചാവി സ്കൂ ളിന്റെ പേരും എഴുതി ഉടൻ തന്നെ ബസ് ഓടിത്തുടങ്ങും,പുഞ്ചാവിയിലെ കുഞ്ഞുങ്ങളെയും കൊണ്ട്!



Saturday 6 September 2014

പുഞ്ചാവി സ്കൂളിലെ ഓണസദ്യയ്ക്ക് വിഭവങ്ങളെല്ലാം വിടുകളിൽനിന്ന്....

                                ഇത്തവണത്തെ ഓണാഘോഷം ഗംഭീരമാക്കുന്നതിനെക്കുറിച്ചാലോചിക്കാൻ വിളിച്ചുചേർത്ത പി.ടി.എ,മദർ പി.ടി.എ സംയുക്തയോഗത്തിൽ,ഓണസദ്യയുമായി ബന്ധപ്പെട്ട് ഹെഡ്മാസറ്റർ ഒരു നിർദേശം മുന്നോട്ടുവെച്ചു,


                            "ചോറും സാമ്പാറും മാത്രം സ്കൂളിൽനിന്നും ഉണ്ടാക്കാം..ബാക്കി വിഭവങ്ങൾ വീടുകളിൽനിന്നും തയ്യാറാക്കിക്കൊണ്ടു വരണം..ആവശ്യമായ തുക കമ്മറ്റി നൽകും”ഉടൻ തന്നെ മൂന്നാം ക് ളാസ്സിലെ റൌഫിന്റെ ഉമ്മ  കദീജ പറഞ്ഞു,   “അച്ചാർ ഞാൻ കൊണ്ടുവരാം..പൈസയൊന്നും വേണ്ട”                                                                                                      


 “പച്ചടിയും വറവും ഞങ്ങളുടെവക”മദർ പി.ടി.എ പ്രസിഡണ്ട് നസീമയും,വൈസ്പ്രസിഡണ്ട് അംബികയും,കമ്മറ്റി അംഗമായ ലേഖയും തങ്ങളുടെ ‘ഓഫർ’ പ്രഖ്യാപിച്ചു..“കൂട്ടുകറിയുണ്ടാക്കാൻ ആർക്കാ കഴിയുക? ..ഒറ്റയ്ക്കു വേണ്ട,കൂട്ടായിട്ടു മതി”മാഷ് വീണ്ടും ഇടപെട്ടു.


ചെറിയൊരു ചർച്ചയ്ക്കുശേഷം സൌമിനിയും,ജിഷയും,സിനിയും ഉമൈബയും ചേർന്ന് ‘കൂട്ടുകറി’ ഏറ്റെടുത്തു..ആയിഷയും ലൈലയും പപ്പടത്തിന്റെ കാര്യവും അജിത ഉപ്പേരിയുടെയും ശർക്കരയുടെയും കാര്യവും ഏറ്റെടുത്തപ്പോൾ ആരോ പറഞ്ഞു,“എല്ലാം അമ്മമാർ തന്നെ വേണോ? അച് ഛന്മാർക്കും ആയിക്കൂടേ?’  “ശരി,ഞാൻ തീയൽ കൊണ്ടുവരാം” പെണ്ണുങ്ങളുടെമുമ്പിൽ കൊച്ചാകാൻ മനസ്സില്ലാതെ പി.ടി.എ വൈസ് പ്രസിഡണ്ട് സുരേഷ് പ്രഖ്യാപിച്ചപ്പോൾ പെണ്ണുങ്ങളുടെ കയ്യടി!  .
 “പായസത്തിന്റെ ചെലവ് ഞാൻ വഹിക്കാം..പക്ഷെ സ്കൂളിൽ നിന്നുതന്നെ ഉണ്ടാക്കണം”.ഒന്നാം ക്ളാസ്സിലെ  റിസാൻ  റൌസി ലിന്റെ ഉമ്മ പറഞ്ഞപ്പോൾ ഉണ്ടാക്കുന്ന കാര്യം പി.ടി.എ പ്രസിഡണ്ട് ശശിയും,സുരേഷ് മാഷും ഏറ്റു..

ഇത്രയുമായപ്പോൾ ഹെഡ്മാസ്റ്ററുടെ ഓഫറും വന്നു,“എന്നാൽ സാമ്പാറിന്റെ കാശ് ഞാൻ തരാം..ഇവിടെനിന്ന് ഉണ്ടാക്കുമല്ലോ?” ...അക്കാര്യം അമ്മമാർ ഏറ്റതോടെ ‘കൂട്ടായ്മയുടെ ഓണസദ്യ’യ്ക്കുള്ള വഴി തെളിഞ്ഞു..യോഗത്തിനെത്താൻ കഴിയാതിരുന്ന അനിതയെ ഫോൺ വിളിച്ച് കാര്യം പറഞ്ഞപ്പോൾ പുളിയിഞ്ചിയും റെഡി! 

 അങ്ങനെ ആ ദിവസം വന്നെത്തി..ഓണാവധിക്കു സ്കൂൾ അടക്കുന്ന സപ്തംബർ 5.....ഇന്നാണ് സ്കൂളിലെ ഓണാഘോഷം.കുട്ടികൾക്കൊപ്പം അമ്മമാരും രാവിലെതന്നെ എത്തിത്തുടങ്ങി.

 പ്രമീളടീച്ചറും പരമേശ്വരിടീച്ചറും   കുട്ടികളും ചേർന്ന് ചെറിയൊരു പൂക്കളം ഒരുക്കി....അധ്യാപകദിനാഘോഷച്ചടങ്ങുകൾക്കുശേഷം 11 മണിയോടെ കുട്ടികൾക്കുള്ള മത്സരങ്ങൾ ആരംഭിച്ചു..



 എല്ലാ ക്ളാസ്സിലെയും ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും വെവ്വേറെയായി സംഘടിപ്പിച്ച കസേരക്കളിയായിരുന്നു ആദ്യം...അപ്പോഴേക്കും വീട്ടിൽനിന്നും  തയ്യാറാക്കിയ   വിഭവങ്ങളുമായി അമ്മമാർ വരവു തുടങ്ങി..  ഉടനെതന്നെ അമ്മമാർക്കായുള്ള കസേരക്കളി നടത്തി.


ബലൂൺ ഫൈറ്റിംഗ്,കമ്പവലി തുടങ്ങിയ മത്സരങ്ങളായിരുന്നു പിന്നീട്..സമയം 1.15 ആയപ്പോൾ മത്സരം താൽക്കാലികമായി നിർത്തി എല്ലാവരു ഭക്ഷണശാലയിലേക്ക്..കൂട്ടായ്മയുടെ സദ്യ ഏറെ രുചികരമായി! 



  ഉച്ചയ്ക്കുശേഷം ചാക്കിൽക്കയറിയുള്ള ഓട്ടവും,കുപ്പിയിൽ വെള്ളം നിറയ്ക്കലുമായിരുന്നു മത്സരം..നാലുമണിക്കുമുമ്പ് എല്ലാവരെയും ഒന്നിച്ചു വിളിച്ച് ഓണാശംസയും നേർന്ന് ആഘോഷപരിപാടികളുടെ തിരശ്ശീല താഴ്ത്തി...അങ്ങനെ പുഞ്ചാവിക്കൂട്ടായ്മയുടെ മറ്റൊരു വിജയഗാഥയായി മാറി ഇത്തവണത്തെ ഒണാഘോഷം.