welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Monday 16 September 2013

പൂക്കളം കാണാൻ മാവേലി എത്തി...ഓണാഘോഷം കെങ്കേമം!






 നാടൻ പൂക്കൾ കൊണ്ടു തീർത്ത പൂക്കളം കാണാനും ഓണാശംസകൾ നേരാനും മാവേലി എത്തിയപ്പോൾ കുട്ടികൾ കയ്യടിച്ചു സ്വീകരിച്ചു.പൂക്കളത്തിനരികിൽ കുട്ടികളോടൊപ്പം അൽപ്പനേരം ചെലവഴിച്ച മാവേലി പോകാൻ നേരത്ത് ഒന്നാം ക്ലാസ്സിലെ ഷമ്മാസിനു ഒരു മോഹം ..മാവേലിയുടെ കട്ടി മീശയിൽ ഒന്ന് തൊടണം! കൊച്ചു കുട്ടിയുടെ ആഗ്രഹമല്ലേ,മാവേലി സന്തോഷപൂർവ്വം സമ്മതിച്ചു.മീശ തൊടാൻ കഴിഞ്ഞ ഷമ്മാസിനും പെരുത്തു സന്തോഷം...ഓണാഘോഷത്തിന്റെ ഭാഗമായി പുഞ്ചാവി ഗവ: എൽ.പി.സ്കൂളിലെ കുട്ടികളാണ് നാടൻ പൂക്കൾ ഉപയോഗിച്ച് പൂക്കളം തീർത്ത്‌ മാവേലിയുടെ അനുമോദനങ്ങൾ ഏറ്റുവാങ്ങിയത്.തുടർന്നു നടന്ന മത്സര പരിപാടികളിൽ കുട്ടികൾക്കൊപ്പംഅമ്മമാരും ആവേശപൂർവ്വം പങ്കെടുത്തു.പാസ്സിംഗ് ദി ബോൾ ,കുപ്പിയിൽ വെള്ളം നിറക്കൽ,കസേരക്കളി,കമ്പവലി തുടങ്ങിയവയായിരുന്നു പ്രധാന മത്സരയിനങ്ങൾ.ഓരോ ക്ലാസ്സിലെയും ആണ്‍ കുട്ടികൾക്കും പെണ്‍ കുട്ടികൾക്കും പ്രത്യേകം പ്രത്യേകമായി സംഘടിപ്പിച്ച കമ്പവലി മത്സരം കാണാൻ നിരവധി രക്ഷിതാക്കളും എത്തിയിരുന്നു.അധ്യാപക-രക്ഷാകർതൃ സമിതിയും ,മദർ പി.ടി.എ യും ചേർന്ന് ഒരുക്കിയ ഓണസദ്യയും കൂടിയായപ്പോൾ ഇത്തവണത്തെ ഓണാഘോഷം ഗംഭീരമായി.പ്രധാനാധ്യാപകൻ കെ.നാരായണൻ,അധ്യാപകരായ സുരേഷ്,ജാബിർ,പ്രമീള,പരമേശ്വരി എന്നിവർക്കൊപ്പം രക്ഷാകർതൃ സമിതി അംഗങ്ങളായ നസീമ,അംബിക,ആയിഷ,സുജ,രവീന്ദ്രൻ ,വിദ്യാലയ വികസന സമിതി വൈസ് ചെയർമാൻ ദാമോദരൻ തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നല്കി.മത്സര വിജയികൾക്ക് മദർ പി.ടി.എ പ്രസിഡണ്ട് നസീമ.എം.പി.സമ്മാനങ്ങൾ വിതരണം ചെയ്തു.



























Saturday 7 September 2013

വിദ്യാലയ വികസനത്തിന് ജനകീയക്കൂട്ടായ്മ

കാഞ്ഞങ്ങാട് നഗരസഭയിലെ കടലോര പ്രദേശമായ പുഞ്ചാവിയിൽ 86
വർഷമായി പ്രവർത്തിച്ചുവരുന്ന പുഞ്ചാവി ഗവ:എൽ.പി.സ്കൂളിന്റെ സമഗ്രവികസനത്തിനുള്ള കർമ്മ പരിപാടികൾക്ക്‌ രൂപം നൽകിക്കൊണ്ട് ,അധ്യാപക-രക്ഷാകർതൃസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയക്കൂട്ടായ്മ ശ്രദ്ധേയമായി.എണ്‍പത് വർഷത്തിലധികം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ച വിദ്യാലയത്തിന് സ്വന്തമായി കെട്ടിടം ഉണ്ടായത് നാലു വർഷങ്ങൾക്കു മുമ്പ് മാത്രമാണ്.കേരള വിദ്യാഭ്യാസ ചട്ടപ്രകാരം ഒരു ലോവർപ്രൈമറി സ്കൂളിനു ഒരു ഏക്ര സ്ഥലം വേണമെന്നിരിക്കെ,രണ്ടു കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന 12 1/4 സെന്റു സ്ഥലം മാത്രമാണ് ഈ സർക്കാർ വിദ്യാലയത്തിനുള്ളത്! അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി നഗരസഭയ്ക്ക് കൈമാറിക്കിട്ടിയ സ്ഥാപനം എന്ന നിലയിൽ വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന പ്രകാരമുള്ള സ്ഥലം സ്കൂളിനു ലഭ്യമാക്കാനുള്ള സത്വര നടപടികൾ കാഞ്ഞങ്ങാട് നഗരസഭാധികൃതർ കൈക്കൊള്ളണമെന്ന് ജനകീയക്കൂട്ടായ്മ ആവശ്യപ്പെട്ടു.ഇതിനായി പ്രത്യേക പ്രൊജക്റ്റ് തയ്യാറാക്കി സ്ഥലം എടുക്കാനാവശ്യമായ തുക നഗരസഭാ ബഡ്ജറ്റിൽ നീക്കിവെക്കണമെന്നും യോഗം അഭ്യർഥിച്ചു.വിദ്യാലയ പരിസരത്തുള്ള സ്ഥലം സ്കൂളിനു വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമസ്ഥരുമായി ചർച്ച നടത്താനും യോഗത്തിൽ ധാരണയായി.സ്ഥലം ലഭ്യമാകുന്നതോടെ വിദ്യാലയപരിസരം മണ്ണിട്ടുയർത്തി വെള്ളക്കെട്ട് ഒഴിവാക്കാനും ചുറ്റുമതിൽ,കളിസ്ഥലം,കഞ്ഞിപ്പുര ,മൂത്രപ്പുര,ടോയ്ലറ്റ് തുടങ്ങിയ ഭൌതികസാഹചര്യങ്ങൾ ഒരുക്കി വിദ്യാലയാന്തരീക്ഷം ശിശുസൌഹൃദപരവും ആകർഷകവുമാക്കാനുള്ള കർമ്മപരിപാടികൾ വിവിധ ഏജൻസികളുടെ സഹായത്തോടെ നടപ്പിലാക്കാനും,ആവശ്യമായ അധികവിഭവം പൊതുജനങ്ങളിൽ നിന്ന് സമാഹരിക്കാനും യോഗം തീരുമാനിച്ചു.
പുഞ്ചാവി സ്കൂളിന്റെ പരിധിയിലുള്ള ആയിരത്തോളം വീടുകളിൽ ഒക്ടോബർ 2 നു സർവേ നടത്തി ലോവർ പ്രൈമറി പ്രായത്തിലുള്ള കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്താനും,അടുത്ത അധ്യയന വർഷാരംഭത്തോടെ മുഴുവൻ കുട്ടികളെയും ഈ വിദ്യാലയത്തിൽത്തന്നെ ചേർക്കുന്നതിനാവശ്യമായ ക്യാമ്പെയിൻ നടത്താനും ജനകീയക്കൂട്ടായ്മയിൽ പങ്കെടുത്ത ആളുകൾ നേതൃത്വം നല്കും. തുടർന്ന് നവംബർ മാസത്തിൽ വിദ്യാലയ വികസന സെമിനാർ സംഘടിപ്പിക്കും.ജനുവരി 26 നു സമഗ്ര വിദ്യാലയ വികസന രേഖ പ്രസിദ്ധീകരിക്കും.
. വിദ്യാലയത്തിലേക്കുള്ള യാത്രാ പ്രശ്നം പരിഹരിക്കുന്നതിനായി ഇ.ചന്ദ്രശേഖരൻ എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങും.ഇതോടെ ,കുട്ടികളുടെ എണ്ണത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് പരിഹാരിക്കാനുംവിദ്യാലയത്തിന്റെ പഴയകാല പ്രതാപം വീണ്ടെടുക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.
കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴസൻ ജാനകിക്കുട്ടി ജനകീയക്കൂട്ടയ്മ ഉൽഘാടനം ചെയ്തു. മുനിസിപ്പൽ കൌണ്‍സിലർ നജ്മ റാഫി അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപകാൻ കെ.നാരായണൻ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു.കാസർഗോഡ്‌ ഡയറ്റ് ലക്ചറർ രാമചന്ദ്രൻനായർ വിദ്യാലയ വികസന പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം.സദാനന്ദൻ,ബി.പി.ഒ അജയകുമാർ,മദർ പി.ടി.എ പ്രസിഡണ്ട് നസീമ.എം.പി,കുഞ്ഞഹമ്മദ്,കെ.ചന്ദ്രൻ,പി.കുഞ്ഞികൃഷ്ണൻ,പി.ബാബു ,കെ.ദാമോദരൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.കെ.എൻ സുരേഷ് സ്വാഗതവും പി.ടി എ പ്രസിഡണ്ട് പി.ശശി നന്ദിയും പറഞ്ഞു.
തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി വിദ്യാലയ വികസന സമിതി രൂപീകരിച്ചു.വാർഡ്‌ കൌണ്‍സിലർ നജ്മ റാഫി(ചെയർ പേഴസൻ),പ്രധാനാധ്യാപകൻ കെ.നാരായണൻ (കണ്‍വീനർ ), പി.ശശി,കെ.ദാമോദരൻ,പി.കുഞ്ഞി  കൃഷ്ണൻ(വൈസ് ചെയർമാൻമാർ),കെ.എൻ.സുരേഷ്(ജോ:കണ്‍വീനർ ).ഹസൈനാർ കല്ലൂരാവി ,മറിയം,കെ.വി.കൃഷ്ണൻ,കുഞ്ഞഹമ്മദ്,പി.കെ.മൊയ്തു,അമ്പാടി മാഷ്‌ (രക്ഷാധികാരികൾ).
വിദ്യാലയ വികസനപരിപാടികൾക്ക് കരുത്തു പകരുന്നതിനായി പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിക്കാനും യോഗത്തിൽ ധാരണയായി.ഇതിനായി ചിത്രലേഖ ചെയർ പേഴ്സനും ,പി.ബാബു കണ്‍വീനറുമായി പൂർവ വിദ്യാർഥി സംഘടനയുടെ താല്ക്കാലിക കമ്മിറ്റിയും രൂപീകരിച്ചു.