welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Saturday, 19 July 2014

നാടിന്റെ ഉത്സവമായി പ്രവേശനോത്സവം...

അറിവിന്റെ ആദ്യാക്ഷരം നുകരാൻ അക്ഷരമുറ്റത്തെത്തിയ കുരുന്നുകളെ കടലാസ് തൊപ്പിയും,ബാഡ്ജും അണിയിച്ചും വർണബലൂണുകളും അക്ഷരത്തോണികളും നൽകി മുതിർന്ന കുട്ടികൾ സ്വീകരിച്ചപ്പോൾ ആദ്യം അമ്പരന്നുവെങ്കിലും കുരുന്നുകൾക്ക് അതിരറ്റ ആഹ്ളാദം.. പുഞ്ചാവി ഗവ:എൽ.പി.സ്കൂളിൽ നടന്ന പ്രവേശനോത്സവം മുനിസിപ്പൽ കൌൺസിലർ നജ്മ റാഫി ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.ശശി അധ്യക്ഷത വഹിച്ചു.കെ.ദാമോദരൻ,കുഞ്ഞിക്യ് ഷ്ണൻ ,നസീമ.എം.പി,എന്നിവർ സംസാരിച്ചു. ഒന്നാം ക്ളാസ്സിലേക്ക് പ്രവേശനം നേടിയ 30 കുട്ടികൾക്ക് വിദ്യാലയ വികസന സമിതിയും,പി.ടി.എ യും,അധ്യാപകരും ചേർന്ന് സ്കൂൾ ബാഗും,യൂണിഫോമും,പഠനോപകരണങ്ങളും സൌജന്യമായി നൽകി. പ്രധാനാധ്യാപകൻ കെ.നാരായണൻ ലക്ഷ്യപ്രഖ്യാപനം നടത്തി.പരമേശ്വരി ടീച്ചർ സ്വാഗതവും, കെ.എൻ.സുരേഷ് നന്ദിയും പറഞ്ഞു.അധ്യാപകരായ അമീൻ,പ്രമീള തുടങ്ങിയവർ നെത്യ് ത്വം നൽകി.


















Friday, 31 January 2014

വിദ്യാലയവികസനസ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കർമ്മപരിപാടികളുമായി....

  നവതിയോടടുക്കുന്ന പുഞ്ചാവി ഗവ:എൽ.പി.സ്കൂളിന്റെ വികസനസ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ സഹായവാഗ്ദാനങ്ങളുമായി പൂർവവിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തിയപ്പോൾ,ഈ ആവേശം നിലനിർത്താനായാൽ  ലക്ഷ്യമിട്ട കാര്യങ്ങൾ ഉദ്ദേശിച്ചസമയത്തിനു മുമ്പുതന്നെ പൂർത്തിയകുമെന്ന ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകളുമായി കാഞ്ഞങ്ങാട് എം.എൽ.എ  ഇ.ചന്ദ്രശേഖരൻ എത്തിയത് ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്ക് ആവേശം പകർന്നു.എൺപതുവർഷത്തിലധികം കാലം വാടകക്കെടട്ടിടത്തിൽ പ്രവർത്തിച്ച ഈ കടലോരവിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിതിട്ട് ആറുവർഷമേ ആയിട്ടുള്ളൂ..കെട്ടിടം നിൽക്കുന്ന 12 1/4 സെന്റു സ്ഥലമല്ലാതെ ഒരിഞ്ചു സ്ഥലം പോലും സ്വന്തമായി ഇല്ല എന്നത് വിദ്യാലയവികസനത്തിനു തടസ്സമായി ഇപ്പോഴും നിൽക്കുന്നു.വിദ്യാലയത്തിനു ചുറ്റുമുള്ള സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുട്ടികളെ ഈ വിദ്യാലയത്തിലേക്കയയ്ക്കാൻ രക്ഷിതാക്കൾ മടിച്ചതോടെ കുട്ടികളുടെ എണ്ണം വർഷം കഴിയുതോറും കുറയുന്ന അവസ്ഥയുമായി.ഈ സാഹചര്യം മുതലെടുത്തുകൊണ്ട് സമീപത്തുള്ള സ്വകാര്യ-അൺ അയിഡഡ് വിദ്യാലയങ്ങൾ വാഹനങ്ങളുമായി എത്തിയതോടെ വിദ്യാർഥികൾ കൂട്ടത്തോടെ അവിടങ്ങളിലേക്ക് പോകുന്ന അവസ്ഥയുമായി.ഈ സ്ഥിതി തുടർന്നാൽ വിദ്യാലയം അടച്ചുപൂട്ടുന്ന അവസ്ഥ ഉണ്ടാകുമെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ വിദ്യാലയവികസനസമിതി രൂപീകരിച്ച് വിദ്യാലയസംരക്ഷണപ്രവർത്തനങ്ങൾ ഊർജിതമാക്കി.കാഞ്ഞങ്ങാട് നഗരസഭയുടെ ബഡ്ജറ്റിൽ തുക നീക്കിവെച്ചുകൊണ്ട് 30 സെന്റ് സ്ഥലം വിലകൊടുത്തു വാങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തന്നെ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.സ്ഥലമുടമയുടെ സമ്മതപത്രം ഉൾപ്പെടെ ആവശ്യമായ മുഴുവൻ രേഖകളും ഇതിനകം മുനിസിപ്പാലിറ്റിയിൽ സമർപ്പിച്ചുകഴിഞ്ഞു.അടുത്ത  നഗരസഭാ കൌൺസിൽ യോഗത്തിൽ തീരുമാനമെടുത്തുകൊണ്ട് സർക്കാർ അനുമതിയോടെ ഈ സാമ്പത്തികവർഷംതന്നെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ഹസീന താജുദ്ദീൻ വിദ്യാലയവികസനസമിതി ഭാരവാഹികൾക്ക് ഉറപ്പുനൽകി. എം.എൽ.എ ഫണ്ടിൽ നിന്ന് ബസ് വാങ്ങാൻ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങുന്നതോടെ ‘പുഞ്ചാവിയിലെ മുഴുവൻ കുട്ടികളും പുഞ്ചാവി സ്കൂളിൽ’ എന്ന ലക്ഷ്യം  നിറവേറ്റാൻ കഴിയും എന്ന് വികസനസമിതി അംഗങ്ങൾക്ക് ഉറച്ച വിശ്വാസം ഉണ്ട്. അധികാരികളിൽ നിന്നു കിട്ടുന്ന സഹായങ്ങൾക്കപ്പുറം വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി 10 ലക്ഷം രൂപയുടെ വിദ്യാലയവികസനനിധി  സംഭാവനയായി  സ്വരൂപിക്കാനുള്ള പ്രവർത്തനത്തിനു നല്ല പ്രതികരണമാണു നാട്ടുകാരിൽ നിന്നും  ലഭിച്ചുകൊണ്ടിരിക്കുന്നത്. പൂർവ വിദ്യാർഥിയായ കമലാക്ഷൻ പുഞ്ചാവിയിൽ നിന്നും ആദ്യസംഭാവന സ്വീകരിച്ചുകൊണ്ട് സാമ്പത്തിക സമാഹരണത്തിന്റെ ഉൽഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിച്ചു.കാഞ്ഞങ്ങാട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൻ സി.ജാനകിക്കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ഇതേ വേദിയിൽ വെച്ച് രക്ഷിതാക്കളിൽ നിന്നുള്ള സംഭാവനയുടെ ആദ്യവിഹിതം മുൻ.എം.പി.ടി.എ പ്രസിഡന്റ് സുജയും പൊതുജനങ്ങളിൽ നിന്നുള്ള  ആദ്യസംഭാവന  ഡോ:ബാബുവിനുവെണ്ടി ഭാര്യ ധന്യയും എം.എൽ.എ യ്ക്കു കൈമാറി. വിദ്യാലയ വികസനപദ്ധതിയുടെ രൂപരേഖയും ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ടും പ്രധാനാധ്യാപകൻ കെ.നാരായണൻ അവതരിപ്പിച്ചു.നഗര സഭാ കൌൺസിലർമാരായ മോഹനൻ പി.വി, പ്രദീപൻ മരക്കാപ്പ്,വികസനസമിതി വൈസ് ചെയർമാൻ കുഞ്ഞിക്യ് ഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വാർഡ് കൌൻസിലറും വിദ്യാലയവികസനസമിതി ചെയർപേഴ്സനുമായ നജ്മ റാഫി സ്വാഗതവും, കെ.എൻ.സുരേഷ്മാഷ് നന്ദിയും പറഞ്ഞു.
















Wednesday, 25 December 2013

കുഞ്ഞുങ്ങൾക്ക് അനുമോദനവുമായി ക്രിസ്മസ് അപ്പൂപ്പൻ ക്ലാസ്സ് മുറിയിൽ!



പുഞ്ചാവി:അധ്യാപകരും കുട്ടികളും ക്ലാസ്സ്മുറിയിൽ ഒത്തുചേർന്ന് ക്രിസ്മസ് വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടയിൽ,മേളകളി
ലെ വിജയികൾക്ക് അനുമോദനവുമായി ക്രിസ്മസ് അപ്പൂപ്പൻ എത്തിയത് അക്ഷരാർഥത്തിൽ കുട്ടികളെ വിസ്മയിപ്പിച്ചു.കയ്യിൽ കരുതിയ സർട്ടിഫിക്കറ്റുകൾ നോക്കി അപ്പൂപ്പൻ പേരു വിളിച്ചപ്പോൾ ആദ്യം ഒന്നമ്പരന്നുവെങ്കിലും അധ്യാപകർ പ്രോൽസാഹിപ്പിച്ചതോടെ  കുട്ടികൾ ഓരോരുത്തരായി  വേദിയിലെത്തി സർട്ടിഫിക്കറ്റുകൾ സ്വീകരിച്ചു.തുടർന്ന് എല്ലാ കുട്ടികൾക്കും അപ്പൂപ്പന്റെ കൈകൊണ്ടുതന്നെ ക്രിസ്മസ് കേക്കും നൽകി.അധ്യാപകരും കുട്ടികളും ചേർന്നൊരുക്കിയ പുൽക്കൂടിനുസമീപം നിന്ന് ഗ്രൂപ്പ് ഫോട്ടോയെടുത്തശേഷം ,നാലാം ക്ലാസ്സിലെ കുട്ടികളെയും കൂട്ടി തൊട്ടടുത്ത അങ്കണവാടിയിലെത്തി കൊച്ചു കൂട്ടുകാർക്ക് മിഠായിയും നൽകി,എല്ലാവർക്കും ക്രിസ്മസ് ആശംസകളും നേർന്നാണ് അപ്പൂപ്പൻ മടങ്ങിയത്.പുഞ്ചാവി ഗവ:എൽ.പി.സ്കൂളിൽ നടന്ന വേറിട്ട രീതിയിലുള്ള ക്രിസ്മസ് ആഘോഷത്തിന് പ്രധാനാധ്യാപകാൻ കെ.നാരായണൻ,അധ്യാപകരായ കെ.എൻ.സുരേഷ്,പ്രമീള,പരമേശ്വരി എന്നിവർ നേതൃത്വം നൽകി.നാലാം ക്ലാസ്സിലെ വിജയ്‌ ആണ് ക്രിസ്മസ് അപ്പൂപ്പനായി വേഷമിട്ട് കൂട്ടുകാർക്ക് മുമ്പിൽ എത്തിയത്. മദർ പി.ടി.എ പ്രസിഡന്റ് നസീമ.എം.പി,വൈസ് പ്രസിഡന്റ് അംബിക എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്മസ് സ്പെഷ്യൽ വിഭവങ്ങളുമായി തയ്യാറാക്കിയ ഗംഭീരമായ ക്രിസ്മസ് സദ്യയും കൂടിയായപ്പോൾ  പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് ഈ വർഷത്തെ ക്രിസ്മസ് അവിസ്മരണീയമായി.  











Saturday, 14 December 2013

ഉപജില്ലാതല മേളകളിൽ പൂർണ പങ്കാളിത്തം ..കൊച്ചു കൊച്ചു നേട്ടങ്ങൾ


 ഈ വർഷത്തെ  ഉപജില്ലാതല മേളകൾ പൂർത്തിയാകുമ്പോൾ ഞങ്ങൾ സംതൃപ്തരാണ്.എല്ലാ മേളകളിലും പൂർണ പങ്കാളിത്തം ഉറപ്പിക്കാനും ഒപ്പം കൊച്ചു കൊച്ചു നേട്ടങ്ങൾ കൈവരിക്കാനും ഞങ്ങൾക്കായി.ഉപജില്ലാ കായികമേളയിൽ എല്.പി. കിഡ്ഡീസ് വിഭാഗം 50 മീറ്റർ ഓട്ടത്തിൽ നാലാം ക്ലാസ്സുകാരനായ മുനവിറിനു ലഭിച്ച ഒന്നാം സ്ഥാനം ഞങ്ങൾക്ക് ആവേശമായി.

തൊട്ടടുത്ത ദിവസം തന്നെ സ്കൂൾ അസംബ്ലിയിൽ വെച്ച് ഈ കൊച്ചു മിടുക്കനെ അഭിനന്ദിക്കുകയുണ്ടായി...കായികാധ്യാപന്റെ സേവനമോ മികച്ച പരിശീലനമോ ഒന്നുമില്ലാതെയാണ് ഈ നേട്ടം എന്ന് ഓർക്കണം...
മുനവിറിനുപുറമേ കായികമേളയിൽ പങ്കെടുത്ത മിക്ക കുട്ടികളും സെമിഫൈനൽ വരെ എത്തുകയുണ്ടായി.ഒന്നുകൂടി ഉത്സാഹിച്ചിരുന്നെങ്കിൽ ഒന്ന് രണ്ടു സമ്മാനങ്ങൾ കൂടി കിട്ടിയേനെ എന്ന് ഇപ്പോൾ തോന്നുന്നു..ഇനി ഏതായാലും അടുത്തകൊല്ലം ആവട്ടെ..
     ......ഉപജില്ലാതല ശാസ്ത്രോൽസവത്തിൽ ശാസ്ത്ര-സാമൂഹ്യശാസ്ത്രമേളകളിലും മികച്ച നേട്ടം കൈവരിക്കാൻ ഞങ്ങളുടെ കുഞ്ഞുങ്ങൾക്കായി.ശാസ്ത്രമേളയിൽ ചാർട്ട് വിഭാഗത്തിൽ നന്ദനയും ഫർസാനയും 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി.27 വിദ്യാലയങ്ങൾ പങ്കെടുത്ത ശാസ്ത്ര മേളയിൽ ചാർട്ടിനു പുറമേ ലഘു പരീക്ഷണത്തിനു ലഭിച്ച 'സി' ഗ്രേഡ് ഉൾപ്പെടെ   മൊത്തം 7 പോയിന്റ്   നേടിക്കൊണ്ട് ഒമ്പതാം സ്ഥാനത്തായിരുന്നു ഞങ്ങളുടെ ഈ കൊച്ചു വിദ്യാലയം.
    ..സാമൂഹ്യ  ശാസ്ത്ര മേളയിൽ ചാർട്ടിനു ലഭിച്ച  'ബി'  ഗ്രേഡിന്റെ പിൻബലത്തിൽ ഈ മേളയിൽ പങ്കെടുത്ത 31 വിദ്യാലയങ്ങളുടെ കൂട്ടത്തിൽ പന്ത്രണ്ടാം സ്ഥാനത്തെത്താനും ഞങ്ങൾക്കു സാധിച്ചു.
 ..ഗണിത മേളയിൽ പസിൽ ഇനത്തിൽ 'സി' ഗ്രേഡ് കിട്ടിയതും തുടക്കം എന്ന നിലയിൽ ഒട്ടും മോശമല്ല.പ്രവൃത്തി പരിചയ മേളയിൽ കൂടുതൽ ഇനങ്ങളിൽ പങ്കെടുക്കാൻ ഈ വർഷം സാധിച്ചില്ല പങ്കെടുത്ത ബുക്ക്‌ ബൈന്റിങ്ങിൽ 'സി' ഗ്രേഡ് മാത്രമാണു ലഭിച്ചത്.വെജിറ്റബിൾ പ്രിന്റിംഗ് ഇനത്തിൽ പങ്കെടുക്കാൻ നന്നായി പ്രാക്ടീസ് ചെയ്ത കുട്ടിക്കു അസുഖം കാരണം പങ്കെടുക്കാൻ സാധിച്ചതുമില്ല.  കടലോരരത്തുള്ള ഞങ്ങളുടെ വിദ്യാലയത്തിൽ നിന്നും വളരെ അകലെ  മലയോരത്തുള്ള തായന്നൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലാണ്  മേള നടന്നത്.അതുകൊണ്ടു കൂടിയാണു കൂടുതൽ ഇനങ്ങളിൽ പങ്കെടുക്കാതിരുന്നത്.
 






..ഉപജില്ലാ സ്കൂൾ കലോത്സവം ഞങ്ങളുടെ തൊട്ടടുത്തുള്ള മരക്കാപ്പ് ഗവ:ഹൈസ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചപ്പോൾത്തന്നെ ഞങ്ങൾ ഉറപ്പിച്ചു...എന്തായാലും ഇവിടെ പരമാവധി ഇനങ്ങളിൽ മത്സരിക്കണം.അതനുസരിച്ച് 9 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും മത്സരിക്കാൻ കുട്ടികളെ പരിശീലിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു.കൂടാതെ അറബിക് കലോത്സവത്തിലും എല്ലാ ഇനങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാനും ധാരണയായി.
.......അധ്യാപകർ തന്നെയായിരുന്നു പരിശീലകർ.ക്ലാസ് സമയത്തിന്റെ ഇടവേളകളിലും 4 മണിക്ക് സ്കൂൾ വിട്ടതിനു ശേഷവുമായിരുന്നു പരിശീലനം...പരിശീലനത്തിനൊടുവിൽ സ്കൂൾ ബാലസഭയിൽ കൂട്ടുകാരുടെ മുപിൽ പരിപാടികൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകുകയും ചെയ്തു.അതുകൊണ്ടു തന്നെ സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പേടി ഒഴിവാക്കാനായി.
...അറബിക് കലോത്സവത്തിൽ 2 വർഷങ്ങൾക്കു മുമ്പ് ലഭിച്ച ചാമ്പ്യൻഷിപ്പ് തിരിച്ചു പിടിക്കാൻ കഴിയണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം.അന്ന് ഉണ്ടായിരുന്നത്രയും കുട്ടികൾ ഇപ്പോൾ സ്കൂളിൽ ഇല്ലെന്നതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പ് ഒരു പ്രശ്നം തന്നെയായിരുന്നു.ഒരുവിധം പറ്റുന്ന കുട്ടികളെക്കണ്ട് പരിശീലനം ആരംഭിച്ചപ്പോൾ അവരെ ഇത്തരം പരിപാടികൾക്ക് വിടാൻ ചില രക്ഷിതാക്കൾക്ക് താൽപ്പര്യമില്ല!പകരം കുട്ടികളെ കണ്ടെത്തി പരിശീലനം വീണ്ടും തുടങ്ങിയപ്പോഴേക്കും സമയം കിട്ടാത്ത പ്രശ്നം ഉണ്ടായി..എങ്കിലും അറബിക് കലോത്സവത്തിൽ മത്സരിച്ച 6 ഇനങ്ങളിൽ എ ഗേഡും,2 ഇനങ്ങളിൽ ബി ഗ്രേഡും,1 ഇനത്തിൽ സി ഗ്രേഡും ഉൾപ്പെടെ ആകെ 37 പോയിന്റുകളുമായി നാലാം സ്ഥാനത്തെത്താൻ ഞങ്ങളുടെ കുട്ടികൾക്കായി.
..കലോത്സവ  ഇനങ്ങളിൽ സംഘഗാനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും മാപ്പിളപ്പാട്ട്,അറബിക് പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ എ ഗ്രേഡും,ദേശഭക്തിഗാനം,മലയാളം പദ്യം ചൊല്ലൽ,മലയാളം പ്രസംഗം,ചിത്രരചന(പെൻസിൽ) എന്നീ ഇനങ്ങളിൽ ബി.ഗ്രേഡും,കഥ പറയൽ,നാടോടി നൃത്തം എന്നിവയിൽ സി ഗ്രേഡും  നേടിക്കൊണ്ട് ആകെ 29 പോയിന്റുകളുമായി 62 വിദ്യാലയങ്ങൾ പങ്കെടുത്ത കലോത്സവത്തിൽ പന്ത്രണ്ടാം സ്ഥാന ത്തെത്താൻ കഴിഞ്ഞത് അഭിമാനാർഹമായ നേട്ടം തന്നെയാണ്. വിജയികൾക്കെല്ലാം തന്നെ സ്കൂൾ അസംബ്ലിയിൽ വെച്ച് സർട്ടിഫിക്കറ്റുകൾ നല്കി അനുമോദിക്കുകയും ചെയ്തു. ഈ വർഷത്തെ ഉപജില്ലാതലമേളകളിൽ പങ്കെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ച മുഴുവൻ കുട്ടികൾക്കും ഉപഹാരം നല്കി ആദരിക്കാൻ പി.ടി.എ കമ്മറ്റിയും തീരുമാനിച്ചിട്ടുണ്ട്.