welcome to school diary

‘പുഞ്ചാവിയിലെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ പുഞ്ചാവി സ്കൂൾ’..‘ഗുണമേന്മയുള്ള വിദ്യാഭ്യാസം പൊതുവിദ്യാലയങ്ങളിലൂടെ’.....‘പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക...പൊതു വിദ്യാലയങ്ങൾ നിലനിർത്തുക’

Saturday 6 September 2014

പുഞ്ചാവി സ്കൂളിലെ ഓണസദ്യയ്ക്ക് വിഭവങ്ങളെല്ലാം വിടുകളിൽനിന്ന്....

                                ഇത്തവണത്തെ ഓണാഘോഷം ഗംഭീരമാക്കുന്നതിനെക്കുറിച്ചാലോചിക്കാൻ വിളിച്ചുചേർത്ത പി.ടി.എ,മദർ പി.ടി.എ സംയുക്തയോഗത്തിൽ,ഓണസദ്യയുമായി ബന്ധപ്പെട്ട് ഹെഡ്മാസറ്റർ ഒരു നിർദേശം മുന്നോട്ടുവെച്ചു,


                            "ചോറും സാമ്പാറും മാത്രം സ്കൂളിൽനിന്നും ഉണ്ടാക്കാം..ബാക്കി വിഭവങ്ങൾ വീടുകളിൽനിന്നും തയ്യാറാക്കിക്കൊണ്ടു വരണം..ആവശ്യമായ തുക കമ്മറ്റി നൽകും”ഉടൻ തന്നെ മൂന്നാം ക് ളാസ്സിലെ റൌഫിന്റെ ഉമ്മ  കദീജ പറഞ്ഞു,   “അച്ചാർ ഞാൻ കൊണ്ടുവരാം..പൈസയൊന്നും വേണ്ട”                                                                                                      


 “പച്ചടിയും വറവും ഞങ്ങളുടെവക”മദർ പി.ടി.എ പ്രസിഡണ്ട് നസീമയും,വൈസ്പ്രസിഡണ്ട് അംബികയും,കമ്മറ്റി അംഗമായ ലേഖയും തങ്ങളുടെ ‘ഓഫർ’ പ്രഖ്യാപിച്ചു..“കൂട്ടുകറിയുണ്ടാക്കാൻ ആർക്കാ കഴിയുക? ..ഒറ്റയ്ക്കു വേണ്ട,കൂട്ടായിട്ടു മതി”മാഷ് വീണ്ടും ഇടപെട്ടു.


ചെറിയൊരു ചർച്ചയ്ക്കുശേഷം സൌമിനിയും,ജിഷയും,സിനിയും ഉമൈബയും ചേർന്ന് ‘കൂട്ടുകറി’ ഏറ്റെടുത്തു..ആയിഷയും ലൈലയും പപ്പടത്തിന്റെ കാര്യവും അജിത ഉപ്പേരിയുടെയും ശർക്കരയുടെയും കാര്യവും ഏറ്റെടുത്തപ്പോൾ ആരോ പറഞ്ഞു,“എല്ലാം അമ്മമാർ തന്നെ വേണോ? അച് ഛന്മാർക്കും ആയിക്കൂടേ?’  “ശരി,ഞാൻ തീയൽ കൊണ്ടുവരാം” പെണ്ണുങ്ങളുടെമുമ്പിൽ കൊച്ചാകാൻ മനസ്സില്ലാതെ പി.ടി.എ വൈസ് പ്രസിഡണ്ട് സുരേഷ് പ്രഖ്യാപിച്ചപ്പോൾ പെണ്ണുങ്ങളുടെ കയ്യടി!  .
 “പായസത്തിന്റെ ചെലവ് ഞാൻ വഹിക്കാം..പക്ഷെ സ്കൂളിൽ നിന്നുതന്നെ ഉണ്ടാക്കണം”.ഒന്നാം ക്ളാസ്സിലെ  റിസാൻ  റൌസി ലിന്റെ ഉമ്മ പറഞ്ഞപ്പോൾ ഉണ്ടാക്കുന്ന കാര്യം പി.ടി.എ പ്രസിഡണ്ട് ശശിയും,സുരേഷ് മാഷും ഏറ്റു..

ഇത്രയുമായപ്പോൾ ഹെഡ്മാസ്റ്ററുടെ ഓഫറും വന്നു,“എന്നാൽ സാമ്പാറിന്റെ കാശ് ഞാൻ തരാം..ഇവിടെനിന്ന് ഉണ്ടാക്കുമല്ലോ?” ...അക്കാര്യം അമ്മമാർ ഏറ്റതോടെ ‘കൂട്ടായ്മയുടെ ഓണസദ്യ’യ്ക്കുള്ള വഴി തെളിഞ്ഞു..യോഗത്തിനെത്താൻ കഴിയാതിരുന്ന അനിതയെ ഫോൺ വിളിച്ച് കാര്യം പറഞ്ഞപ്പോൾ പുളിയിഞ്ചിയും റെഡി! 

 അങ്ങനെ ആ ദിവസം വന്നെത്തി..ഓണാവധിക്കു സ്കൂൾ അടക്കുന്ന സപ്തംബർ 5.....ഇന്നാണ് സ്കൂളിലെ ഓണാഘോഷം.കുട്ടികൾക്കൊപ്പം അമ്മമാരും രാവിലെതന്നെ എത്തിത്തുടങ്ങി.

 പ്രമീളടീച്ചറും പരമേശ്വരിടീച്ചറും   കുട്ടികളും ചേർന്ന് ചെറിയൊരു പൂക്കളം ഒരുക്കി....അധ്യാപകദിനാഘോഷച്ചടങ്ങുകൾക്കുശേഷം 11 മണിയോടെ കുട്ടികൾക്കുള്ള മത്സരങ്ങൾ ആരംഭിച്ചു..



 എല്ലാ ക്ളാസ്സിലെയും ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും വെവ്വേറെയായി സംഘടിപ്പിച്ച കസേരക്കളിയായിരുന്നു ആദ്യം...അപ്പോഴേക്കും വീട്ടിൽനിന്നും  തയ്യാറാക്കിയ   വിഭവങ്ങളുമായി അമ്മമാർ വരവു തുടങ്ങി..  ഉടനെതന്നെ അമ്മമാർക്കായുള്ള കസേരക്കളി നടത്തി.


ബലൂൺ ഫൈറ്റിംഗ്,കമ്പവലി തുടങ്ങിയ മത്സരങ്ങളായിരുന്നു പിന്നീട്..സമയം 1.15 ആയപ്പോൾ മത്സരം താൽക്കാലികമായി നിർത്തി എല്ലാവരു ഭക്ഷണശാലയിലേക്ക്..കൂട്ടായ്മയുടെ സദ്യ ഏറെ രുചികരമായി! 



  ഉച്ചയ്ക്കുശേഷം ചാക്കിൽക്കയറിയുള്ള ഓട്ടവും,കുപ്പിയിൽ വെള്ളം നിറയ്ക്കലുമായിരുന്നു മത്സരം..നാലുമണിക്കുമുമ്പ് എല്ലാവരെയും ഒന്നിച്ചു വിളിച്ച് ഓണാശംസയും നേർന്ന് ആഘോഷപരിപാടികളുടെ തിരശ്ശീല താഴ്ത്തി...അങ്ങനെ പുഞ്ചാവിക്കൂട്ടായ്മയുടെ മറ്റൊരു വിജയഗാഥയായി മാറി ഇത്തവണത്തെ ഒണാഘോഷം. 


1 comment:

  1. വളരെ സന്തോഷം... ചിത്രങ്ങളുൾപ്പെടെയുള്ള ഈ പോസ്റ്റ് വായിച്ചപ്പോൾ നേരിട്ട് പങ്കെടുത്തതുപോലെ.

    ReplyDelete